'സ്‌ഥലം എത്തി, ഇറങ്ങിക്കോ' കണ്ടക്ടർ തോളിൽ തട്ടിയപ്പോ പാതി ഉറക്കത്തോടെ കണ്ണ് തുറന്നു ബസിന്റെ ജനാലയിലൂടെ പുറത്തു നോക്കി.കറുത്ത കാർമേഘങ്ങൾ ചുവന്ന ആകാശത്തിൽ ചിതറി അന്തിവെളിചം മങ്ങി ഇരുട്ടിനെ വരവേൽക്കാൻ തയ്യാറായി നിൽക്കുന്നു..താഴെ ബസ് സ്റ്റാൻഡ് അല്ല, ഒരു നാടൻ ചായപ്പീടിക ഉണ്ട് മുന്നിൽ, ഓല മേഞ്ഞ, പഴയ കൽക്കരി അടുപ്പ് എരിയുന്ന മണം മൂക്കിൽ അടിച്ചു കേറുന്നുണ്ട്.'ഇറങ്ങിക്കോ മാഷേ, ഇത് ലാസ്റ്റ് സ്റ്റോപ്പ് ആണ്, ഇനി നാളെ രാവിലെ തിരിച്ചു പോകൂ.'കാവി ഷർട്ടും കൈലിയും ഉടുത്ത ഡ്രൈവർ പിന്നിലെ ഡോർ വഴി ഇറങ്ങുന്ന വേളയിൽ പറഞ്ഞുപോയി. കണ്ണുകൾ തിരുമ്മി, മുഖം ഒന്ന് തുടച്ചു വലിയ ബാഗുകളിൽ ഒരെണ്ണം തോളിലും, ഒന്ന് തലയിലും തൂകി പിൻവാതിൽ വഴി പുറത്ത് ഇറങ്ങി ഡോർ അടച്ചു.
അപരിചിതനായ വെളുത്തു മെലിഞ്ഞ മീശയില്ലാത്ത ഇളം നീല കണ്ണുകളും മെലിഞ്ഞ പുരികവും ഉള്ള, നീളൻ കുർത്തയും പാൻസും ധരിച്ചയാളെ കണ്ട് ചായക്കടയിൽ ഇരുന്ന പരദൂഷണം പരമു, 'സാറെ എടെന്ന, ഇടെ മുന്നേ കണ്ടിക്കില്ലാ, ടൗണിന്നാ?
ഞാൻ ഗരുഡമഠം പദ്മനാഭൻ നമ്പ്യാതിരിയുടെ ചെറുമകൻ അനന്തൻ. " യ്യോ എംബ്രാങ്കുട്ടി" പരമു ചായഗ്ലാസ് പാതി കുടിച്ചു നിർത്തി ഓടി വന്നു ബാഗ് വാങ്ങിച് അവന്റ തോളിൽ ഇട്ടു, തോളിലെ ബാഗ് കൈ നീട്ടിയപ്പോ അനന്തൻ തടഞ്ഞു, 'സാരല്യ ഞാൻ എടുത്തോളാം.' നല്ല ഭാരംണ്ട്,.
ശങ്കരേട്ടാ, ചായേടെ പൈസ ഞാന് പോയി വന്നേറ്റ് തരാന്.ഇപ്പൊ നടന്നാല് ഇരുട്ടിന് മുന്ന് കുഞ്ഞേമ്പരാന് തറവാട്ടില് ഏതൊള്ളൂ.മറുപടിക്ക് കാത്തു നിൽക്കാതെ പരമു മുന്നിൽ നടന്നു, അനന്തൻ പിറകെ അനുഗമിച്ചു.
വന്യമായ പടുകൂറ്റൻ മരങ്ങളും നീളൻ കൈകൾ തൂങ്ങിയ അരയാലുകളും ഏതെന്നറിയാത്ത പൂക്കളും ചുവന്ന മണ്ണ് പരവതാനി വിരിച വഴിയുടെ വലതു വശത്തു വരി നിരയായി നിൽക്കുന്നു, ഇടത് വശത്തു അഗാധമായ കൊക്കയും. കണ്ണെത്താ ദൂരത്തോളം നീണ്ടു നിവർന്നു കിടക്കുന്ന കാട്ടു വഴി. മലഞ്ചെരിവിന്റെ സൂചന നൽകുന്ന പാറക്കെട്ടുകൾ ഇടയ്ക്കിടെ കാണാം..ഇപ്പൊ വഴി അല്പം വീതി കൂടിയിട്ടുണ്ട്,താഴേക്ക് നീണ്ടയിറക്കത്തിന് വശത്തായി മങ്ങിയ അക്ഷരത്തിൽ തടിയിൽ എഴുതിയ ബോർഡ് കാണാം 'കുരുതിമല'.
'ഇനി എത്ര ദൂരം നടക്കാനുണ്ട് ' അനന്തന്റെ ചോദ്യം കേട്ട് പരമു തല ഒന്ന് പിന്നിലേക്ക് വെട്ടിച്ചു പറഞ്ഞു, '2 നാഴിക ണ്ട് മ്ബ്ര'
ഉം, അനന്തൻ മൂളി..ഇരുട്ടിന്റെ കാഠിന്യം എറി വരുന്നു, ചീവീടുകളുടെ കരച്ചിലും.പെട്ടെന്ന് പിന്നിലെ മരത്തില് ഇരുന്ന് കടവാവലുകൾ ഉച്ചത്തിൽ കട കട ശബ്ദത്തോടെ ചിറകുകൾ അടിച്ച് ഒരുമിച്ചു ചക്രവാളം ലക്ഷ്യമാക്കി പറന്നു നീങ്ങി, ചുവന്ന ആകാശം വിഴുങ്ങുന്ന വവ്വാലുകളെ നോക്കി അനന്തൻ നെടുവീർപ്പെട്ടു. അച്ഛന്റെ മരണ ശേഷം ആദ്യമായി ആണ് തറവാട്ടിൽ വരുന്നത്, മുത്തശ്ശൻന്റെ മുഖം ഒന്നും ഓർമയില്ല, എന്തിന് തറവാടിന്റെ ഒരു രൂപവും മനസ്സിൽ ഇല്ല..അച്ഛന്റെ അന്ത്യാഭിലാഷം സാധിച്ചു ഉടനെ മടങ്ങണം..'എംബ്രാ, എംബ്രാ, ഇനി ഞാന് മുന്നോക്കില്ല, നേരെ നടന്നാല് മതി, കുറച്ചു ദൂരെ നിലവിളക്കുകളുടെ സ്വർണ്ണവെളിച്ചം ചൂണ്ടി പരമു പറഞ്ഞു. 'ഇതാ വെച്ചോളൂ' 100രൂപ അനന്തൻ നീട്ടിയപ്പോ, തൊഴുതു പിന്നിലേക്ക് അടിവെച്ചു, ഇരുട്ടിൽ നടന്നു അകന്നു പരമു..ഒരു ചെറു ചിരിയോടെ അനന്തൻ മുന്നിലേക്ക് നടന്നു, മഹാമാന്ത്രികൻ പദ്മാനഭനൻ നമ്പ്യാതിരി കുരുതി മലയിലെ പ്രമാണി തന്നെ..തറവാട്ടിന്റെ 6 പടികൾ ഉള്ള പടിപ്പുര വാതിൽക്കൾ ഒരു നിമിഷം ചിന്താമഗ്നൻ ആയി നിന്ന ശേഷം അനന്തൻ മെല്ലെ പടികൾ ചവിട്ടികയറി പടിപ്പുര വാതിൽ മെല്ലെ തുറന്നു.. കണ്ണുകൾ ആശ്ചര്യതാൽ വിടർന്നു, ഹൃദയം തരിച്ചു പോയി. 500 ഏക്കർ വിസ്താരം ഉള്ള, ഭീമാകാരമായ തടിയിൽ തീർത്ത ഗരുഡ പ്രതിമ ഏറ്റവും മുകളിലായും പരദേവതകളും ഉപദേവതകളും കാവൽ നിൽക്കുന്ന അത്യുഗ്രൻ 16 കേട്ട്, നിലവിളക്കുകളുടെയും, കൽവിളക്കുകളുടയുമിടയിൽ ഉയർന്നു നിൽക്കുന്ന മനോഹര സ്തൂപം, രാത്രിയുടെ തീക്ഷ്ണതയിലും അരയാൽ മരങ്ങൾക്കിടയിൽ പടുകൂറ്റൻ കൊടിമരം മുന്നിലായി പിന്നിൽ സ്‌ഥിതി ചെയ്യുന്നു..
അനന്തേട്ടാ, അനന്തേട്ടാ, വിളി കേട്ട് അനന്തൻ കണ്ണുകൾ താഴ്ത്തി നോക്കി, കയ്യിൽ റാന്തൽ വിളക്കുമായി വെണ്ണക്കലിൽ കൊത്തിയ പോലൊരു സുന്ദര യുവതി വിടർന്ന പുഞ്ചിരിയോടെ മുന്നിൽ നിൽക്കുന്നു.ചുരുണ്ട മുടിയിഴകളിൽ തുളസികതിരും ചുവന്ന തെറ്റിയും. സ്വർണ്ണ കരി വളകൾ അണിഞ്ഞ കൈകളിലെ റാന്തൽ വിളക്കിന്റെ മഞ്ഞ വെളിച്ചത്തിൽ കൂടുതൽ സുന്ദരിയായ തീക്ഷ്ണമായ ദേവതാ രൂപത്തെ ആരാധനയോടെ നോക്കിനിന്നു.
മുത്തശ്ശൻ പറഞ്ഞിരുന്നു ഏട്ടൻ ഇവിടെ എത്താറായെന്ന്, അതുകൊണ്ട് ഞാൻ വിളക്കുമായി കാത്തു നിക്കയായിരുന്നു.കണ്ണെടുക്കാതെ ആകാംക്ഷയോടെ തന്നെ നോക്കുന്ന അനന്തനെ കണ്ട് അവൾ ചുരുണ്ട മുടികൾ ഇടത് കൈ കൊണ്ട് പിന്നിലേക്കാക്കി പുഞ്ചിരിയോടെ പറഞ്ഞു 'ഞാൻ ഗൗരി ' അനന്തന്റെ കണ്ണുകൾ വിടർന്നു, ബാലമ്മാമ്മയുടെ ഇളയ മകൾ, ഓർമ്മയിൽ ഒരു മിന്നായം പോലെ കളികൂട്ടുകാരിയുടെ കുഞ്ഞു മുഖം മിന്നി മറഞ്ഞു ..ഇപ്പൊ മനസിലായി, അനന്തൻ ചിരിച്ചു കൊണ്ട് പറഞ്ഞു, അവന്റെ നീല കണ്ണുകൾ റാന്തൽ വെളിച്ചത്തിൽ തിളങ്ങുന്നത് നോക്കി മെല്ലെ തിരിഞ്ഞു മുന്നിൽ നടന്നു ഗൗരി. പട്ടു പാവാട ധരിച്ച അവളുടെ പിറകിലായി അനന്തനും നടന്നു.ഇത്രയും നീണ
്ട മുടിയിഴകൾ തന്റെ കോളേജിൽ ആർക്കും ഇല്ല, കാച്ചിയ എണ്ണയുടെയും ചന്ദനത്തിന്റെയും അഭൗമമായ ഗന്ധം തന്നെ പൊതിയുന്നതായി തോന്നി അനന്തന്.
കിണ്ടിയിലെ വെള്ളത്തിൽ കാൽ കഴുകിയ വലിയ വരാന്തയുടെ മുകളിലേക്ക് കയറിയ അനന്തൻ തന്നെ കാത്തു നിൽക്കുന്ന ബന്ധു ജനങ്ങളെ കണ്ടു.ഗൗരി റാന്തൽ വിളക്കുമായി ഉള്ളിലേക്ക് തല താഴ്ത്തി നടന്നു കയറിപ്പോയി.
അനന്താ, അങ്ങ് വളർന്നുല്ലോ നിയ്യ്, ബാലമ്മാമ്മയെ ഓര്മെണ്ടോ നിനക്ക്. മുറുക്കാൻ വേണ്ടി വെറ്റില ചെല്ലത്തിൽ നിന്ന് തളിർ വെറ്റില എടുത്ത് കൊഴുത്ത ചുണ്ണാമ്പ് തേച് കൊണ്ട് മുണ്ടും പൂണൂലും ധരിച്ച ആജാനബാഹുവായ മനുഷ്യൻ ചോദിച്ചു .. ആ പോട്ടെ ബാക്കി വിശേഷം ഒക്കെ നാളെയാവാം..'ഭവാനി അനന്തന് കുളിപ്പുര കാണിച്ചു കൊടുക്ക, യാത്ര ചെയ്തു വന്നല്ലേ ക്ഷീണം കാണും..ഗൗരിയുടെ അമ്മ ഭവാനിദേവി അനന്തനെ നോക്കി ചിരിച്ചു കൊണ്ട്, വാ മോനെ ഇനി ശരീരം ഒക്കെ ശുദ്ധിയാക്കി ഭക്ഷണം കഴിച്ചിട്ട് വിശേഷം ഒക്കെ പറയാം.അനന്തൻ ഉള്ളിലേക്ക് നടന്നു..
ഊഹ് എന്തൊരു തണുപ്പ്, കുളത്തിൽ മുങ്ങി നിവർന്നതും എല്ലുകൾ കോച്ചുന്ന കുളിർമയിൽ അനന്തൻ പുളഞ്ഞുപോയി വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു മുറിയിൽ വിശ്രമിക്കവേ, വാതിലിൽ തട്ട് കേട്ടു. തുറന്നപ്പോൾ ഗൗരി പുഞ്ചിരിയോടെ നിൽക്കുന്നു.കഷ്ടിച്ചു കണ്ണുകൾ വിടുവിച്ചു അനന്തൻ ചോദിച്ചു, മുത്തശ്ശൻ എവിടെ? പെട്ടെന്ന് ഗൗരിയുടെ പുഞ്ചിരി മാഞ്ഞു, പാൽപുഞ്ചിരി പല്ലുകൾ കവിളിനുള്ളിൽ മറഞ്ഞു, ' ഇന്ന് ഒരു ഉച്ചാടനം ണ്ട്'.രാത്രി എന്ത് ശബ്ദം കേട്ടാലും പുറത്തു ഇറങ്ങേണ്ട, അത് പറയാനും കൂടിയാണ് വന്നത്. നാളെ അനന്തേട്ടനെ നേരിട്ട് കാണുമെന്നു മുത്തശ്ശൻ പറഞ്ഞു. ഇപ്പൊ പൂജാ മുറിയിൽ ആണ് മുത്തശ്ശൻ..വാതിൽ അടച്ചു തിരികെ വന്നു കട്ടിലിൽ ഇരുന്നു അനന്തൻ. നേരം എത്ര വൈകി എന്ന് അറിയില്ല, കിടന്നിട്ട് ഉറക്കം വരുന്നില്ല..ദൂരെ ചെറിയ മണിയൊച്ച കേൾക്കാം, പിന്നെ മൂളൽ ശബ്ദങ്ങളും മറ്റും. വാച്ചിൽ നോക്കിയപ്പോൾ സമയം 11:45 വാതിൽ മെല്ലെ തുറന്നു ശബ്ദം ഉണ്ടാക്കാതെ മണിയൊച്ച കേട്ട ഭാഗം ലക്ഷ്യമാക്കി ആ വലിയ മാളികയുടെ നിലവിളക്കിന്റെ മാത്രം വെളിച്ചത്തിൽ അനന്തൻ സാവധാനം നടന്നു.വലിയ ചുവർ ചിത്രങ്ങളും തടിയിൽ നിർമിച്ച ശില്പങ്ങളും വഴി കാട്ടികളെപ്പോലെ ഇരു വശത്തും കാണാം. മണിയൊച്ചഏറി വരുന്നുണ്ട്, മന്ത്രോച്ചാരണങ്ങളും തീ എരിയുന്ന ശബ്ദവും മൂളലുകളും വ്യക്തമായി കേൾക്കാം.. പാതിയടഞ്ഞ ഒരു വാതിൽ മുന്നിലായി കാണാം, അനന്തൻ മെല്ലെ അതിനു ചാരെ നിന്ന് ഉള്ളിലേക്ക് നോക്കി.ചുവന്ന പട്ടു ധരിച്ച തേജസ്വിയായ വെളുത്ത നീളൻ താടിയുള്ള ഒരു ബലിഷ്ഠൻ മാന്ത്രിക കളത്തിന്റെ ഒരു വശത്തു ഇടത് കൈയിൽ നീളൻ വടിയും വലതു കയ്യിൽ പുഷ്പങ്ങളും ചേർത്ത് പിടിച്ചു ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലുന്നു, ഇത് മുത്തശ്ശൻ തന്നെ.. മാന്ത്രിക കളത്തിന്റെ മറ്റേ വശത്തു നോക്കിയ അനന്തന്റെ നീലിച്ച കണ്ണുകൾ ഒരു ഉൾക്കിടിലത്തോടെ വിടർന്നു,.വായുവിൽ ഉയർന്നു പൊങ്ങി നിൽക്കുന്ന പച്ചയും ചുവപ്പും പട്ട് അണിഞ്ഞ തന്റെ സ്വന്തം രൂപം കണ്ട് തൊണ്ടയിലെ വെള്ളം വറ്റുന്നതായി അനന്തന് തോന്നി. പെട്ടെന്ന് അത് തന്റെ കണ്ണുകളിൽ നോക്കിയതും തീക്ഷ്ണമായ ഒരു പുഞ്ചിരി അതിന്റെ മുഖത്തു വിടർന്നു, ഭയാനകമായ അട്ടഹാസത്തോടെ അലറിപ്പാഞ്ഞു തന്റെ നേർക്ക് ആഞ്ഞു വരുന്ന രൂപത്തെ കണ്ട് അനന്തൻ നിലവിളിക്കാൻ പോലും ആകാതെ കണ്ണുകൾ ഇറുക്കിയടച്ചു..
അമ്മേ, അലറി വിളിച്ചു കൊണ്ട് അനന്തൻ ഞെട്ടിയുണർന്നു.നേഴ്സ് മാലിനി ഓടി വന്നു പൾസ് നോക്കി, bp ഹൈ ആണ്.അവൾ ഓടിപ്പോയി ഡോക്ടർനെ കൂട്ടി വന്നു. Sedation ടൈം കഴിഞ്ഞു, ഒന്ന് കൂടി കൊടുക്കേണ്ടി വരും. ഓക്കേ ഡോക്ടർ മാലിനി പറഞ്ഞു.Mr.Jacob ഇപ്പൊ എങ്ങനെയുണ്ട്. തല ഉയർത്തി ഞെട്ടലോടെ നോക്കി, ജേക്കബ് ആരാണ്..Mr ജേക്കബ് നിങ്ങൾ എന്തിനാണ് കുരുതി മലയിൽ പോയത്. ഞാൻ ജേക്കബ് അല്ല അനന്തൻ ആണ്, നിങ്ങൾക്ക് ആള് മാറിയതാണ്. ഞാൻ ഇപ്പൊ എവിടെയാണ്.? ചെറു പുഞ്ചിരിയോടെ ഡോക്ടർ ഒരു id കാർഡ് എടുത്തു കാണിച്ച കൊടുത്തു.ഇതാണ് നിങ്ങളുടെ ബാഗിൽ നിന്ന് കിട്ടിയ id, ഇത് അനുസരിച്ചു നിങ്ങൾ ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫർ ആണ്, ജേക്കബ്.വിറയ്ക്കുന്ന കൈകളോടെ ജേക്കബ് അത് വാങ്ങി നോക്കി, ഇത് ആരുടെ ഫോട്ടോ ആണ്. പെട്ടെന്ന് തല കറങ്ങുന്നത് പോലെ തോന്നി, കട്ടിലിലേക്ക് മെല്ലെ ചാഞ്ഞു..
Mr ജേക്കബ് നിങ്ങൾ കുരുതി മലയിൽ പോയത് എന്തിനാണ്.. എന്റെ മുത്തശ്ശനെ കാണാൻ.. Mr ജേക്കബ്, നിങ്ങളെ ഉൽക്കാടിൽ നിന്നും അവിടതെ ഫോറെസ്റ്റ് ഓഫീസർ മാരാണ് ഇവിടെ എത്തിച്ചത്.നിങ്ങളെ കണ്ടെത്തിയതിന് ചുറ്റും 100km വിസ്തീർണം ഉള്ള വസ്തുവിൽ ഒരു മനുഷ്യൻ പോലും താമസം ഇല്ല. NO, NO ഇല്ല IMPOSSIBLE, വിറയ്ക്കുന്ന ശബ്ദത്തോടെ കട്ടിലിൽ ഇരുന്ന് അയാൾ പുലമ്പി. ഗരുഡൻ തറവാട്, ഗൗരി, ബാലമ്മാമ, മുത്തശ്ശൻ എല്ലാം മനസിലൂടെ മിന്നി മാഞ്ഞു. Nooooo, എന്ന് അലറി വിളിച്ചു കൊണ്ട് അയാൾ അതിവേഗം ആ മുറിയിൽ നിന്ന് പുറത്തേക്ക് പാഞ്ഞു, മുറി തുറന്നു പുറത്ത് ഇറങ്ങിയതും തണുത്തവെള്ളം പോലും എന്തിലോ ചവിട്ടി, താഴെ നോക്കിയപ്പോ ചുടു ചോര തളം കെട്ടി നിൽക്കുന്നു അവിടെ മുഴുവനും, താഴെ നോക്കാതെ എല്ലാം ചവിട്ട് ചിതറിതെറിപ്പിച്ചു കൊണ്ട് വീണ്ടും മുന്നോട്ട് ഓടി..
എന്തോ ശബ്ദം കേൾക്കുന്നു, മണിയൊച്ച !, മന്ത്രങ്ങൾ, അയാൾ ശബ്ദ കേട്ട ദിശയിലേക്ക് ആഞ്ഞു നിർത്താതെ ഓടി, മുത്തശ്ശൻ ദൂരെ നിന്ന് മന്ത്രം ഉരുവിടുന്നത് കാണാം, അവൻ മെല്ലെ വലത് വശത്തേക്ക് നോക്കി ആരും ഇല്ല !, എന്താ അനന്താ ഇവിടെ, ഗൗരി പറഞ്ഞില്ലേ മുറിയിൽ നിന്ന് ഇറങ്ങരുത് ന്ന്. ഞെട്ടലോടെ അനന്തൻ തറയിൽ നോക്കി, ചോര ഇല്ല, ഉം പോ നിന്റെ മുറിയിലേക്ക്, തിരികെ ഓടിയ അനന്തൻ തന്നെ കിടത്തിയ മുറിയ ലക്ഷ്യമാക്കി ഓടി.വാതിൽ വേഗത്തിൽ വലിച്ചു തുറന്നു. ഡോക്ടർ ഇല്ല, നഴ്സ്ഉം ഇല്ല, നിലവിളക്ക് തെളിച്ച തന്റെ തറവാട് മുറി കണ്ട് അനന്തൻ വിയർപ്പ് തുടച്ചു വസ്ത്രം മാറ്റി വലിയൊരു നെടുവീര്പ്പോടെ കട്ടിലിൽ വെട്ടിയിട്ട വാഴത്തട പോലെ വീണു.
ഗൗരി, അവൻ എന്ത് ചെയ്യുന്നു? 'ഉറങ്ങി, മുത്തശ്ശാ', ചുവന്നു കലങ്ങിയ കണ്ണുകൾ വിടർത്തി ഗൗരി മറുപടി പറഞ്ഞു.
അനന്തന്റെ വലിയ ബാഗുകളുടെ സിബ്ബ് മെല്ലെ തുറന്നു മുത്തശ്ശൻ,
ഒന്നിൽ Dr. മൂർത്തി,മറ്റേതിൽ നേഴ്സ് മാലിനി.
തളർന്നു ഉറങ്ങുന്ന അനന്തന്റെ കട്ടിലിന്റെ അടിയിൽ ഒരു id കാർഡ് കാണാം ജേക്കബ്, ഫ്രീലാൻസ് ഫോട്ടോഗ്രാഫർ..