Sunday, October 11, 2020

ചരടുകൾ


പൈതൽമലഞ്ചെരുവിലെപച്ചപുൽപാറക്കെട്ടിൽ പരസ്പരം കൈകൾ കോർത്തു,  നീലിച്ചു ചുവന്ന സായാഹ്നര ശ്മികൾ പ്രസരിച്ച മാനത്തു നോക്കി  മലർന്ന് കിടന്നു,മേഘങ്ങൾക്കിടയിലൂടെ ഒളികണ്ണിട്ടു ഇടയ്ക്കിടെ തങ്ങളെ നോക്കുന്ന അമ്പിളിക്കലചീളിനെയും മിന്നാമിന്നി നക്ഷത്രങ്ങളേയും  തിരഞ്ഞു ആസ്വദിക്കുന്ന  യുവമിഥുനങ്ങളെ കണ്ടു കടന്നു പോയ കാറ്റിനും ഒപ്പം അവരെ താങ്ങിപുണർന്ന പുൽനാമ്പുകൾക്കും അതിനെ പറ്റിചേർന്ന ജലകണങ്ങൾക്കും അസൂയ തോന്നിയോ?  


അഭൗമമാം സൗന്ദര്യമാവാച്യമായി പ്രവഹിക്കുന്ന പ്രകൃതിയുടെ അളവുകോലുകളിൽ മുടിയുടൽ ലക്ഷണങ്ങളിൽ ഇവളോളം ഇല്ല ഇന്ന് മറ്റൊരു പെണ്ണ്. 


അസൂയ തോന്നിയില്ലെങ്കിൽ തന്നെ  അത്ഭുതം

'റാം നമുക്ക് ഇവിടുന്ന് താഴേക്ക് ചാടിയാലോ ' നെഞ്ചിൽ ചേർത്തിരുന്ന ചെറുപുസ്തകം ഇടത് കൈയ്യാൽ ഒന്നൂടെ ചേർത്ത് പിടിച്ചു കുപ്പിവളകിലുങ്ങുന്നത് പോലുള്ളയവളുടെ പൊട്ടിച്ചിരി കേട്ട് പുല്ലിനുള്ളിൽ ആഴ്ന്നിരുന്ന ശിരസു മെല്ലെ ഉയർത്തി റാം പറഞ്ഞു 

'ആഹാ, എന്നിട്ട് '

'എന്നിട്ട് നീയും ഞാനും ഒരുമിച്ച് സ്വർഗ്ഗത്തിൽ എത്തും. നമുക്ക് അവിടെ ഒരുമിച്ചു ജീവിക്കാം '

'അത് ശരിയാണ് , നിന്റെ വട്ടു പിടിച്ച  അമ്മാവന്മാർ എന്തായാലും സ്വർഗത്തിൽ എത്തില്ല '.

ഇന്ദൂട്ടി, നിന്റെ പൈങ്കിളി ചോദ്യങ്ങൾ കഴിഞെങ്കിൽ  തിരികെപോകാം എന്നുള്ള ചോദ്യത്തിന് അവൾ ഉം എന്ന്  മൂളുക മാത്രം ചെയ്തു. 

 
കൈകൾ കോർത്തിണക്കിരുവരും മെല്ലെയരിച്ചിറങ്ങിയ ഇരുട്ടിനെ വകഞ്ഞു നീക്കി   മലയറിങ്ങിയപ്പോൾ , അവളുടെ പച്ചപ്പട്ടുപ്പാവാടയ്ക്ക് ആ നീലിമയിൽ പിറകിലെ ചന്ദ്രക്കല വെളിച്ചത്തിൽ കൂടുതൽ ഭംഗിയുള്ളയി തോന്നി. 

'അതാ അവർ'. 

ആക്രോശം കേട്ട് നന്ദൂട്ടിയും റാമും താഴെ നോക്കി. 10 ലധികം ആളുകൾ വലിയ തീപന്തങ്ങൾ തെളിച്ചു കയ്യിൽ വടികളും കൊണ്ട്  വേഗത്തിൽ മുകളിലേയ്ക്ക് പാറക്കെട്ടിന്റെ വഴുക്കൽ വകവെയ്ക്കാതെ  ഓടിക്കയറി വരുന്നു. 

റാം പെട്ടന്ന് നന്ദൂട്ടിയുടെ കൈകൾ പിടിച്ച് പാറക്കെട്ടിന്റെ മറ്റൊരു വശ ത്തിലൂടെ താഴേക്ക് ഓടി.

ഓടുന്ന കിതപ്പിനിടയിലും 
നന്ദൂട്ടിയ്ക്ക് മനസിലായി, അമ്മാവന്റെ ആൾക്കാർ,  അവർ കയ്യിൽ കിട്ടിയാൽ റാമിനെ ജീവനോടെ വിടില്ല.

ഓടിയിറങ്ങുന്നതിനിടെ പെട്ടന്ന് പാറയിലെ വഴുക്കലിൽ തെന്നി ഇരുവരുടെയും ബാലൻസ് തെറ്റി, കോർത്തിരുന്ന  കൈകൾ വിട്ട്പോയി മാറിയിരുവരും താഴേക്ക്, താഴേക്ക് താഴേക്ക്...................... 



ടിർണീം... ടിർണീം...

ഫോൺ മണി ശ്രദ്ധിക്കാതെ അർജുനൻ മുറിയ്ക്ക് നടുവിലെ തടിയിൽ നിർമ്മിച്ച  സ്റ്റാൻഡിലെ  വലിയ തവിടു നിറത്തിലുള്ള ബോർഡറോടു കൂടിയ ക്യാൻവാസിൽ ശ്രദ്ധയോടെയുള്ള വര തുടർന്നു . 


ടിർണീം... ടിർണീം

വീണ്ടും ഉച്ചത്തിലുള്ള ഫോൺ മണി കേട്ട് ക്യാൻവാസിൽ നിന്ന് കൈയ്യെടുത്ത ശേഷം അർജുനൻ  അതു എടുത്തു  ചെവിയിൽ വെച്ചു. 

'സർ താഴെ ഒരാൾ റൂമിൽ വരാൻ പെർമിഷൻ ചോദിക്കുന്നു '

'ശല്യം, പിറുപിറുത്തു കൊണ്ട് അർജുനൻ ചോദിച്ചു ആരാണ് അത്? 

താഴെ ഹോട്ടൽ റിസപ്ഷനിൽ നിന്ന് മറുപടി 

 'കലാക്ഷേത്രം ഗ്രൂപ്പിൻറെ ചീഫ് എഡിറ്റർ ഗോവിന്ദൻ പോറ്റി ആണ്  . ഇന്ന് സാറിനെ കാണാൻ  അപ്പോയ്ന്റ്മെന്റ് ഉണ്ട്. 

'എന്ത്, ആരുടെ അപ്പോയ്ന്റ്മെന്റ് 'എനിക്ക് ആരെയും കാണണ്ട. നിന്നോട് പറഞ്ഞതല്ലേ ഇവിടെ വിളിച്ചു ശല്യം ചെയ്യരുതെന്ന്. ഫൂൾ.

 അർജുനൻ കാൾ കട്ട്‌ ചെയ്ത് ആ പഴയ മോഡൽ ഫോണിന്റെ റിസീവർ നീക്കി വെച്ച് വീണ്ടും വര തുടർന്നു. 
 
'സാർ, മാസ്റ്റർക്ക് ഇപ്പോ ആരെയും കാണാൻ താല്പര്യം ഇല്ലെന്ന്.'


വിളറിയ മുഖത്തോടെയുള്ള റിസപ്ഷൻ മാനേജരുടെ മറുപടി കേട്ടപ്പോൾ തന്നെ ഗോവിന്ദൻ പോറ്റിയ്ക്ക് കാര്യം പിടികിട്ടി. 

' ഒരു ദിവസം അവന്റെ ചെവിക്കല്ല് ഞാൻ അടിച്ചു പൊട്ടിക്കും. കാശു മുടക്കി റൂം എടുത്തു കൊടുത്തു 4 നേരം തീറ്റിപ്പോറ്റുന്ന ഈ എന്നെ കാണാൻ അവനു സൗകര്യം ഇല്ലെന്നോ.

'സാർ ഒന്ന് ക്ഷമിക്ക്',  ഇതിപ്പോ ആദ്യായി അല്ലല്ലോ അർജുനൻ മാസ്റ്റർ എഴുത്തും വരയും തുടങ്ങിയാൽ പിന്നെ സ്‌ഥലകാല ബോധം ഉണ്ടാവില്ല..'

'സാർ ഇരിക്കൂ, നമുക്ക് കുറച്ചു കഴിഞ്ഞു മുകളിലേക്ക് പോകാം '

ഹമ്. 

ഒരു ദീർഘനിശ്വാസം വിട്ട് അയാൾ അവിടെ സോഫയിൽ ഇരുന്നു.. കയ്യിൽ കരുതിയിരുന്ന വർണ്ണശലഭം വീക്കിലി നിവർത്തി.

അതിന്റെ കവർ പേജിൽ  പാറിപ്പറന്ന ചെമ്പിച്ച മുടികളും, ഇളം തവിടു നിറത്തിലെ കണ്ണുകളും കൂടിയ 30 വയസ്സ് തോന്നിക്കുന്ന യുവാവിന്റെ ചിത്രം. 

കുറച്ചു പേജുകൾ മറിച് വായിച്ചു ഗോവിന്ദൻ പോറ്റി

'ഇരുപതാം നൂറ്റാണ്ടിലെ നമ്പർ 1 നോവലിസ്റ്റ്, ചിത്രകാരൻ, അർജുനൻ മാസ്റ്ററുടെ പുതിയ നോവൽ , ഇന്ദൂട്ടി,  സിനിമയാകുന്നു. നിർമ്മാണം കലാക്ഷേത്ര ഗ്രൂപ്പ്‌. ജന്മിത്തകാലഘട്ടത്തിൽ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു ഒന്നാവാൻ കൊതിച്ച യുവമിഥുനങ്ങളുടെ കഥയായ ഇന്ദൂട്ടി ഇനി മിനിസ്‌ക്രീനിൽ. മനോഹരമായ എഴുത്തുകൊണ്ടും പശ്ചാത്തല വർണനകൊണ്ടും പ്രശസ്തമായ കൃതിയുടെ ദൃശ്യാവിഷ്കാരത്തിന്  സ്ക്രിപ്റ്റ് എഴുതുന്നതും അർജുനൻ മാസ്റ്റർ തന്നെയായിരിക്കും എന്നും  നോവലിന്റെ പാത തന്നെയാകും സിനിമയിലും പിന്തുടരുക എന്നും കലാക്ഷേത്ര ഗ്രൂപ്പ്‌ ചീഫ്  ശ്രീ ഗോവിന്ദൻ പോറ്റി പറഞ്ഞു.




'അർജുൻ, അർജുൻ ',  വിളി കേട്ടയാൾ മെല്ലെ കണ്ണുകൾ തിരുമ്മി തുറന്നു  നോക്കിയതും മുൻപിൽ നിൽക്കുന്നു അതാ നന്ദൂട്ടി. 

അവളുടെ അപ്സരസൗന്ദര്യത്തിൽ ഒരു നിമിഷം സ്തബ്ധനായെങ്കിലും അർജുൻ സംയമനം വീണ്ടെടുത്ത് വിട്ട് മാറാത്ത ഞെട്ടലോടെ  പരുങ്ങലോടെ ചോദിച്ചു, 'നീ എങ്ങനെ ഇവിടെ '? 

ഉച്ചത്തിൽ കുപ്പിവളചിരിയോടെ  പച്ചപ്പട്ടുപ്പാവാട ഞൊറിയൊന്നു തെറ്റിചവൾ പറഞ്ഞു,

 'അതു കൊള്ളാം, ഞാൻ ഇവിടെയല്ലേ ഉള്ളത് എപ്പോഴും,  നിന്റെയൊപ്പം.


അർജുനൻ തെല്ലൊരു ആശ്ചര്യത്തോടെ പറഞ്ഞു, 

'ഇല്ല, ഇല്ല.നീ എന്റെ തൂലികയിലെ അക്ഷരങ്ങളിലെ ഭാവനാ സൃഷ്ടി മാത്രം ആണ്.? അല്ലേ? 

അത് കേട്ട് വീണ്ടും പുഞ്ചിരിച് അവൾ അര്ജുനന് സമീപം എത്തി മെല്ലെ അവന്റെ ചെവിയിൽ മൊഴിഞ്ഞു, 

'എനിക്കറിയാം നീയാണ് റാം, നിന്റെ രൂപമാണ് അവനു, അത് നീ തന്നെയാണ്. തെന്നിതാഴെയഗാധമാം ഗർത്തത്തിൽ വീഴവേ എന്റെ നേർക്ക് നീണ്ട റാമിന്റെ  കണ്ണിൽ  ഞാൻ കണ്ട നിസ്സഹായതയും വിറയലും  ഭാവവികാരവും  തന്നെയാണ് നിന്റെ തൂലികതുമ്പിലൂടെയും യിലും ഞാൻ അനുഭവിച്ചത്. അത് നീ തന്നെ. നിന്റെ മനസിലെ സൃഷ്ടി വെറുമൊരു പേനതുമ്പിൽ അക്ഷരമഷിചാലുകളായി ഒഴുകിയിറങ്ങിയത്തിൽ ഒന്നാണ് ഞാൻ എന്നെങ്കിലും  സൃഷ്ടിയും സൃഷ്ടാവും തമ്മിൽ സംസാരിക്കരുതോ? 


ഇത്രയും പറഞ്ഞവൾ അർജുനന്റെ കണ്ണിലേക്കു നോക്കിയതന്തമില്ലാതെ ആഴ്ന്നിറങ്ങിയത് ഈ എന്റെ നേർക്കാണോ?

 മുകളിലേക്ക്ഉയർന്ന അവളുടെ ശിരസും മനസും തിരിച്ചറിഞ്ഞതിൽ അര്ജുനനിലൂടെ എന്നെയും  തിരിച്ചറിഞ്ഞുവോ?

 വിറച്ചത് അർജുനനന്റെ തൂലികയ്ക്കൊപ്പം ഈയുള്ളോരെന്റെ തൂലികയും വിറച്ചുവോ.? 

വീണ്ടും എഴുത്തു തുടർന്നു. 


'ഇന്നീ പുതിയ കൈഎഴുത്തിലും എന്തിന് എനിക്ക് നീ വീണ്ടും ജീവൻ നൽകി,വീണ്ടും വീണ്ടും  എന്നെ....., നമ്മളെ...? 

മരവിച്ച ഉടൽ അനക്കാൻ പോലും ആകാതെ ഞെട്ടിതരിച്ചു ഇരുന്ന അർജുനൻ  വിറയാർന്ന ശബ്ദത്തോടെ പറഞ്ഞു,

 ' നീ എന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ. പക്ഷെ നിന്റെ മരണം കഥയിൽ അനിവാര്യമാണ്. എന്റെ തൂലികയിലെ ചോരപ്പാടിൽ നിന്നുയർന്ന ഫീനിക്സ് പക്ഷിയാണ് നീ. ഓരോ മനുഷ്യർ എന്റെ കഥ വായിക്കുമ്പോഴും നീ വീണ്ടും ജീവിച്ചു മരിക്കുന്നു. എന്നാൽ എന്റെ തൂലികയിൽ മാത്രം നിനക്ക് മരണമില്ല. ' 

ഇരുകരങ്ങൾ കൊണ്ട്  അർജുനന്റെ മുഖം ഉള്ളിലാക്കി മെല്ലെ അവൾ മൊഴിഞ്ഞു,

 ' എനിക്കറിയാം, എനിക്ക് മാത്രം അറിയാം. '
എന്നാലും വീണ്ടും നീ എന്നെ, നമ്മെ കൊല്ലുമോ?... കൊല്ലുമോ? 

ആ വാക്കുകൾ പുസ്തകത്തിലെ  അക്ഷരമതിലുകൾ ഭേദിച്ചുകൊണ്ട് നീണ്ടത് എന്നിലേക്കും  കൂടിയാണോ? 


"സാർ, സാർ നമുക്ക് മുകളിൽ പോയാലോ.റിസപ്ഷൻ മാനേജർ എക്സ്ട്രാ ചാവിയും കൊണ്ട് മുന്നിൽ വന്നത് കണ്ടു ഗോവിന്ദൻ പോറ്റി  മാസിക അവിടെ വെച്ച് മെല്ലെ എഴുന്നേറ്റു.' Go on '.

ഇരുവരും മുകളിൽ 101 ആം നമ്പർ എത്തി. താക്കോൽ ഇട്ട് തിരിച്ചു അയാൾ ഒന്ന് കൂടി ഗോവിന്ദൻ പോറ്റിയെ അനുവാദത്തിനെന്ന പോലെ നോക്കി. ആയിക്കൊള്ളൂ എന്ന രീതിയിൽ തലയാട്ടിയതും, ചാവി തിരിച്ചു മെല്ലെ റൂമിന്റെ വാതിൽ തുറന്നു. 

 മുന്നിൽ വലിയ ക്യാൻവാസ് കണ്ടു ഇരുവരും സ്തബ്തരായി. 

 അതിമനോഹരിയായ പച്ചപട്ടുപാവാട ഉടുത്ത  യുവതി ഒരാളുടെ കൈപിടിച്ച് മലയിറങ്ങി താഴേക്ക് വരുന്ന ചിത്രം. ആകാശതിന്റെ നീലിമയിലും പിന്നിലെ  ചന്ദ്രക്കലവെളിച്ചത്തിലും ജീവൻ തുടിക്കുന്ന ചിത്രത്തിന്റെ സൗന്ദര്യം അറിയാതെ ഇരുവരും ബഹുമാനത്തോടെ നോക്കി നിന്നു.

ക്യാൻവാസിനു മുന്നിലെ മേശയിൽ തലവച്ചു കിടക്കുന്ന അതാ അർജുനൻ. 

സാർ, എന്നാൽ ഞാൻ പൊയ്ക്കോട്ടേ, ഇനി ഉണർന്നു കഴിഞ്ഞു താക്കോൽ വെച്ച് റൂം തുറന്നു എന്ന് പറഞ്ഞു എന്റെ മേയ്ക്കിട്ടു കേറാൻ വരും. 

ഇത്രയും പറഞ്ഞു അയാൾ വേഗത്തിൽ നടന്നു റൂമിനു പുറത്തേയ്ക്ക് പോയി. 

'അർജുൻ, മിസ്റ്റർ അർജുൻ ' ഗോവിന്ദൻ അടുത്ത് ചെന്ന് പുറകിൽ തട്ടി വിളിച്ചു.

ചെറിയൊരു ഞെട്ടലിൽ ഉണർന്ന് അർജുനൻ ക്യാൻവാസിൽ നോക്കി. അതിൽ അവളുടെ നോട്ടം കൂടുതൽ ശക്തമായത് പോലെ, എന്തോ മറുപടിക്കായി കാക്കുന്നത് പോലെ തോന്നി അവന്. 

ഫാനിന്റെ കാറ്റിൽ പാറിപ്പറന്ന ചെമ്പൻ മുടി പിന്നിലേക്ക് ഒതുക്കി അയാളെ നോക്കി
 അർജുനൻ പറഞ്ഞു, 

' Mr. പോറ്റി സ്ക്രിപ്റ്റിൽ മാറ്റങ്ങൾ വേണം, കഥ പൊളിച്ചെഴുതണം.' നന്ദൂട്ടി മരിക്കുന്നില്ല.അവൾ ജീവിക്കും. '


ഉള്ളിൽ അത്യധികമായ  ദേഷ്യം വന്നെങ്കിലും അത് കടിച്ചു പിടിച്ചു ഒരു വിധം നിയന്ത്രിച്ചുകൊണ്ട് പോറ്റി, 

' Mr. അർജുനൻ, നിങ്ങൾ എന്തൊക്കെയാണ് ഈ പറയുന്നത്, നോവൽ പ്രകാരം കാസ്റ്റിംഗ്, അവർക്കുള്ള അഡ്വാൻസ്, സെറ്റ് എല്ലാം റെഡി ആക്കിയതല്ലേ. കുറച്ചു മിനുക്കുപണികൾ കൂടി ഉളളൂ എന്നല്ലേ നിങ്ങൾ പറഞ്ഞിരുന്നത്. സ്ക്രിപ്റ്റ് അതെപടി സിനിമ ആക്കാം എന്ന് നിങ്ങൾ നേരത്തെ സമ്മതിച്ചതും അതിന്റെ ഉടമ്പടി മാസങ്ങൾ മുൻപ് തന്നെ നമ്മൾ റെഡി ആക്കിയതും..

അർജുനൻ പെട്ടെന്ന് തല ചെരിച്ചു പോറ്റിയെ നോക്കി, തന്റെ കഥയിലെ വില്ലന്മാരായ നന്ദൂട്ടിയുടെ  അമ്മാവൻമാരുടെ ശിങ്കിടികളിൽ  ഒരാളെ പോലെ തോന്നി അപ്പൊ അവന്. 

അതോ എനിക്കോ? 


 അയാളെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ അർജുനൻ പറഞ്ഞു ' ഇന്ദൂട്ടി എന്റെ സൃഷ്ടിയാണ്, എന്റേത് മാത്രം. സിനിമയിലൂടെ  ഒരായിരം വട്ടം അവളെ ഇനിയും  കൊല്ലാൻ എനിക്ക് കഴിയില്ല. '


'You are crazy mad ' എന്ന് ഉച്ചത്ത

ിൽ ആക്രോശിച്ചു കൊണ്ട് പോറ്റി അവിടെ നിന്നും തിരിഞ്ഞു നോക്കാതെ വേഗത്തിൽ ഇറങ്ങിപ്പോയി. 


മറ്റൊരിടത്തു മറ്റൊരു സമയം....... 


റിപ്പോർട്ടർ : സർ, ഇങ്ങനെ ഒരു വിഷയം നോവൽ ആക്കാൻ ഉണ്ടായ കാരണം എന്താണ്? 

 നോവലിസ്റ്റ് : നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ഒരു സൃഷ്ടിയും അതിന്റെ സൃഷ്ടാവും തമ്മിൽ ഭൗതിക ലോകത്തിന്റെ അതിരുകൾ കടന്നു തമ്മിൽ കണക്ട് ആവുന്നത്? അതാണ് അർജുനൻ എന്ന എന്റെ കഥാപാത്രത്തിലൂടെ ഞാൻ ലോകത്തിനു മുന്നിൽ തെളിവാക്കുന്നത് . 

റിപ്പോർട്ടർ : സാറിന്റെ ആരാധകർ ഉൾപ്പെടെ പലരും ചോദിക്കുന്ന ഒരു ചോദ്യം ശരിക്കും ഇവിടെ റാം, അർജുനൻ എല്ലാം സാറിന്റെ തന്നെ കഥാ രൂപങ്ങൾ ആണോ?  കാരണം സാർ തന്നെ അല്ലെ ഇവരെഎല്ലാം സൃഷ്ടിച്ചത് തൂലികയിലൂടെ.? 

നോവലിസ്റ്റ് : ഹ ഹ ഹ, നല്ല ചോദ്യം. പക്ഷെ ഇതിന്റെ ഉത്തരം എനിക്കും അറിയില്ല. കാരണം നിങ്ങളും ഞാനും ഒരു പക്ഷെ മറ്റൊരു കഥയിലെ മറ്റൊരാളുടെ തൂലികയിലെ സൃഷ്ടികൾ ആവാം. നന്ദൂട്ടിയുടെ ആഴത്തിലെ ആ  നോട്ടം നീളുന്നത്  റാമിലേക്കോ, അര്ജുനനിലേക്കോ എന്നിലേക്കോ, ആവില്ല, അത് പിന്നെയും പിന്നെയും ആഴത്തിൽ മറ്റൊരു ലോകത്തിലേക്ക് ആവാം. വിറച്ചത് അർജുനന്റെയൊ എന്റെയോ കൈകൾ അല്ല, പിന്നിലെ യഥാർത്ഥ സൃഷ്ടാവിന്റെയൊരു സൃഷ്ടിയാകുന്ന തൂലികയാവാം. ല്ലേ? 

അത്രയും പറഞ്ഞു നോവലിസ്റ്റ് മുകളിലേക്ക് ഒന്ന് നോക്കി. 

റിപ്പോർട്ടർ: അങ്ങ് ഉദ്ദേശിച്ചത് ദൈവത്തെയാണോ? 

നോവലിസ്റ്റ് : ഹ ഹ, ദൈവമോ എന്തോ എനിക്കറിയില്ല, നിങ്ങൾക്ക് എന്ത് പേര് വേണമെങ്കിലും ഉപയോഗിക്കാം. I mean the ultimate creator, the greatest artist who holds the  invincible and invisible pen of crearion.
കഥകൾ വെറും കഥകൾ മാത്രം  അല്ലെന്നും മാത്രം ഞാൻ വിശ്വസിക്കുന്നു.ചിലപ്പോൾ എന്നിലൂടെ എന്റെ സൃഷ്ടാവും, ഹ,  ഹ, ഹ. 

റിപ്പോർട്ടർ : അപ്പോൾ അതുകൊണ്ടാണോ അങ്ങ് നോവലിന് 'ചരടുകൾ ' എന്ന് പേരിട്ടത്?  

നോവലിസ്റ്റ് : അതെ, ഇഹ ലോകത്തിന്റെയും, ഈ കഥാപാത്രങ്ങൾ ജീവിക്കുന്ന അക്ഷരലോകത്തിന്റെയും പുസ്തകതാളുകളുടെയും  അവരുടെ സൃഷ്ടക്കളുടെയും അതിർവരമ്പുകൾക്കപ്പുറം അവർ തമ്മിൽ ബന്ധിതരായിട്ടുള്ള അദൃശ്യമായ ഒരു ചരട്. നിങ്ങളെയും എന്നെയും മറ്റൊരു ലോകത്തിലേക്ക് ബന്ധിപ്പിക്കുന്ന ചരട്. 

റിപ്പോർട്ടർ : അപ്പോൾ ശരിക്കും കഥ എവിടെ അവസാനിക്കുന്നു. ഇതിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ? 

നോവലിസ്റ്റ് : നോക്കൂ, സൃഷ്ടി ചെയ്ത ആൾ അതിൽ പറയാത്ത കഥകൾ ആ സൃഷ്ടികൾക്ക് മാത്രം സ്വന്തം.അതായത് സിനിമ ആയോ ഇല്ലയോ എന്നത് അർജുനനും പോറ്റിക്കും, വീണ്ടും താൻ കൊല്ലപ്പെട്ടുവോ എന്നത് നന്ദൂട്ടിയ്ക്കും മാത്രം അറിയുന്ന ഉൾക്കഥകളായി  അക്ഷരങ്ങൾക്കിടയിൽ അദൃശ്യമായി അവർക്ക് മാത്രം അറിയുന്ന അനുഭവങ്ങൾ ആയി അവ അവിടെ അവരുടെ ലോകത്ത്  ഉണ്ടാകും.അത് എന്നെപ്പോലെയൊ അതിനു മുകളിലോ ഉള്ള ഒരു creater സ്വാംശീകരിക്കാൻ ശ്രമിക്കുമ്പോൾ ഒരു പക്ഷെ അവർ ഇതുപോലെ സൃഷ്ടാവിനെ  തേടി വന്നേക്കാം അക്ഷരങ്ങളിലൂടെ തന്നെ. 

റിപ്പോർട്ടർ : പക്ഷെ  അതിൽ നന്ദൂട്ടി എന്ന കഥാപാത്രം മാത്രമേ സൃഷ്ടാവുമായി സംവദിക്കുന്നുള്ളൂ. അത് എന്ത് കൊണ്ടാണ് അങ്ങ് ആ രീതിയിൽ ആവിഷ്കരിച്ചത്? 

നോവലിസ്റ് : അത് കഥ എഴുതിയപ്പോൾ അങ്ങനെ ആയി മാറിയതാണ്. ചിലപ്പോൾ അങ്ങനെ മാറ്റിയതും ആവാം. ഹ, ഹ, ഹ. 
ആ ഒരു കഥാപാത്രത്തിന് തന്റെ സൃഷ്ടിയെയും സൃഷ്ടാവിനെയും പറ്റി അവബോധം ഉണ്ടാകുന്നു. സൃഷ്ടാവിന് അവൾ എത്രത്തോളം പ്രിയങ്കരി ആണെന്ന് മനസിലാക്കിയ അവൾ തന്നെ അക്ഷരങ്ങളിലെ മരണത്തിൽ നിന്നും രക്ഷപെടുത്താൻ  ആവശ്യപെടുന്നതും അത് കൊണ്ടാണ്. തന്റെ സ്വത്തം നിലനിർത്താൻ ഒരു സൃഷ്ടി ആഗ്രഹിക്കുന്നു. മറ്റെല്ലാത്തിനേയും പോലെ,  നമ്മെ പോലെ. 

റിപ്പോർട്ടർ : അപ്പോൾ അങ്ങും ഈ പറഞ്ഞതു പോലെ ഒരു കഥാപാത്രസൃഷ്ടി ആണെങ്കിൽ അങ്ങേയ്ക്കു ആ തലത്തിൽ സംവദിക്കാൻ കഴിഞ്ഞിടട്ടുണ്ടോ? അങ്ങയുടെ സൃഷ്ടാവുമായി.?  അതു പോലെ നമുക്ക് നമ്മുടെ സൃഷ്ടാവിനെ, അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ ഇത് പോലെ കണക്ട് ചെയ്യാൻ കഴിയുമോ?  

നോവലിസ്റ്റ് : എന്റെ സൃഷ്ടാവോ, ഹ ഹ ഹ, ചിലപ്പോൾ ഈ നിമിഷവും  സംവദിക്കുന്നുണ്ടാവാം, അറിയാതെ തന്നെ. ഹ ഹ ഹ. നന്ദൂട്ടിയെപ്പോലെ കുരുങ്ങിയ  ചരടുകൾക്കിടയിലെ  അദൃശ്യത വെളിവാകുന്നവർക്ക് അങ്ങനെ കണക്ട് ചെയ്യാൻ കഴിഞ്ഞേക്കാം. 

റിപ്പോർട്ടർ : ഇത്തരത്തിൽ സ്വന്തം നിലനിൽപ്പിനെപ്പറ്റി ബോധം നൽകി തങ്ങൾക്ക് പിന്നിൽ,  പലരും ദൈവം എന്നും പല പേരുകളിലും വിളിക്കുന്ന പ്രപഞ്ച സൃഷ്ടാവ് അങ്ങനെയൊക്കെയുള്ള ഫിലോസഫിക്കൽ ആയ വിഷയം തിരഞ്ഞെടുക്കാൻ അങ്ങയെ പ്രേരിപ്പിച്ചതും ഇതേ സൃഷ്ടാവ് തന്നെയാകും അല്ലേ? 

നോവലിസ്റ്റ് : ആണോ?  ആവാം. ഹ ഹ ഹ. 

ആ ചിരികൾ അക്ഷരതാളുകളിൽ നിന്നും പ്രതിധ്വനിയായി പുറത്തു വന്നുവോ. 

ഇരുൾനീലിമയിൽ ഓടിയിറങ്ങവേ പാറക്കെട്ടിലെ വഴുക്കലിൽ തെന്നി വീണ നന്ദൂട്ടിയുടെ കൈകളിൽ നിന്നും നെഞ്ചോടു ചേർത്ത് പിടിച്ചോരാ പുസ്തകം വായുവിൽ ഉയർന്നു തെന്നിപറന്നു താഴെക്കു വീഴവേ അതിന്റെ താളുകൾ കാറ്റിന്റെ ചുംബനമേറ്റ് മറിഞ്ഞതിൽ കണ്ടു

'ചരടുകൾ ' 


തൂലികവിറച്ചുവോ? ഞാൻ മുകളിലേക്ക് നോക്കി. 



        .......... ശുഭം.........