Thursday, September 26, 2019

ശക്തൻ


                        ശക്തൻ

ആരാണ് ഏറ്റവും ശക്തൻ? ഖദർ ഷർട്ടിന്റെ മടക്ക് ഒന്നൂടെ മടക്കി മുകളിലാക്കി മുണ്ടിന്റെ തുമ്പ് ഇടത് കൈയറ്റം കൊണ്ടൊന്നു പൊക്കി ബാബു  മാഷ് ചോദിച്ചു. "എന്റെ അച്ഛനാണ് മാഷേ  ", കൂലിപ്പണിക്ക് പോകുന്ന മണിയുടെ പുത്രൻഅച്ഛന്റെ ഉരുക്കു പോലത്തെ ശരീരം ഓർത്തു  ഉറക്കെപറഞ്ഞു, മദ്രസയിലെ ഉസ്താദിന്റെ വാക്ക് പെട്ടെന്ന് ഓർമ്മ വന്നപ്പോ   പാത്തുമ്മ പറഞ്ഞു, അദ് അള്ളാഹു..,  ആന അല്ലെ സാറെ, ബാക്ക് ബെഞ്ചില്  ഇരുന്ന് കൊണ്ട് തല്ലു കൊള്ളി ശരവണൻ..പിന്നെ പ്രധാനമന്ത്രി, ദിനോസർ, ശക്തിമാൻ, സൂപ്പർമാൻ അങ്ങനെ പലതും.. 4 വരികളുള്ള ക്ലാസ്സിന്റെ രണ്ടാം വരിയിൽ വലത് മൂലയ്ക്ക് ഇരുന്ന് കൊണ്ട് കുട്ടികൃഷ്ണൻ തലപുകഞ് ചിന്തിച്ചിട്ടും ഉച്ചക്കഞ്ഞി അല്ലാതെ വേറൊന്നും തലയിൽ വരണില്ല.
 
    ബെല്ലടിക്കാറായി,  ആദ്യമേ ഓടിപ്പോയി കഞ്ഞി പ്ലേറ്റ് എടുത്ത് കഴുകി കൊടുത്തില്ലേൽ  ദാസനും,  കുട്ടനും ദേഷ്യം വരും. നെറ്റിയിലെ ചെറിയ നീലിച്ച പുരികവശം തടവി  കുട്ടികൃഷ്ണൻഓർത്തു,  കഴിഞ്ഞയാഴ്ച മോഹനൻ സാറ് ബുക്ക്‌ സ്റ്റാഫ്‌  റൂമിൽ വെക്കാൻ പറഞ്ഞത് കൊണ്ട് വൈകിയപ്പോ മൂത്രപ്പോരെടെ പിറകില് വെച്ച് ദാസൻ ഉണങ്ങിയ മച്ചിങ്ങ കൊണ്ട് ഇടിച്ചതു ഇപ്പഴും വേദനണ്ട്. ഒറ്റ ഇരട്ട കളിച്ചപ്പോ വീണതെന്ന പറഞ്ഞത് അമ്മ വിശ്വസിച്ചെങ്കിലും കുഞ്ഞിപ്പെങ്ങൾ വാവയെ പാട്ടിലാക്കാൻ   പുളിമിട്ടായി മേടിച് കൊടുക്കേണ്ടിയും വന്ന്. അപ്പൂപ്പൻ ഓണത്തിന് തന്ന 2 രൂപ, സച്ചിന്റെ സ്റ്റിക്കർ മേടിക്കാൻ വെച്ചിരുന്നതാണ്.

    ടിങ് ടിങ് ടിങ് ടിങ്...
ഉച്ചത്തിൽ മുഴങ്ങിയ കഞ്ഞിമണി കേട്ട് ഓടി കൃഷ്ണൻ, ഭാഗ്യം വേറാരും ഇല്ല. വരാന്തയില് ദാസനും ശിങ്കിടിയും നിൽപ്പുണ്ട്.പെട്ടെന്ന് 4 പാത്രം എടുത്ത് കഴുകി കൊടുത്തു, ഒന്ന് വാവയ്ക്ക് ഉള്ളത് പെട്ടന്ന് കൊടുക്കാൻ പോണം, താഴെ കളിസ്‌ഥലത്തിനു വശത്താണ് വാവേടെ ക്ലാസ്സ്‌. പെട്ടന്ന് പിറകിൽ നിന്ന് ഒരു വിളി, ഡാ പട്ടികൃഷ്ണാ, ആ പാത്രം ഇങ് തന്നേര്.'അയ്യോ അണ്ണാ ഇത് വാവേരെ പാത്രം ആണ്'. അത് പറഞ്ഞത് മാത്രം ഓര്മയുള്ളൂ, ദാസൻ മുഷ്ടി ചുരുട്ടി ആഞ്ഞൊരടി,  കണ്ണിൽ കൂടി പൊന്നീച്ച പറക്കണ പോലെ തോന്നി കുട്ടി കൃഷ്ണന്. മൂക്കിൽ നിന്ന് കട്ടി ചോരയും വരുന്നു. പെട്ടന്ന് എഴുന്നേറ്റു, കാല് ഉറയ്ക്കുന്നില്ല. മുഖത്തു ചെറിയ ഉഷ്ണം, ഒലിച്ചിറങ്ങിയ കണ്ണീർ മുഴുവനും തുടയ്ക്കാതെ ചോര തുടച് കൊണ്ട് ഓടി കഞ്ഞിപ്പുരയിലേയ്ക്ക്. ദൂരെ നിന്ന് കാണാം കഞ്ഞി അമ്മച്ചി വലിയ വാർപ്പ് കഴുകി തുടങ്ങി..പെട്ടന്ന് വാവേടെ കാര്യം ഓർത്തു, അവൻ ധാരയായി ഒഴുകിയ കണ്ണുനീറ്റ് തുടച്ചു കൊണ്ട് ഓടിപ്പോയി. വാവ ക്ലാസ്സിന് പുറത്തു കാത്തു നിപ്പുണ്ട്, "കുട്ടേട്ടാ ന്റെ കഞ്ഞി എവടെ, രാവിലെ പഴകഞ്ഞിടെ വെള്ളം രണ്ടീസം ആയോണ്ട് ഞാന് കുടിച്ചില്ല " സങ്കടം ഉള്ളില് ഒതുക്കി കുഞ്ഞു വാവയെ ചേർത്ത പിടിച്ചു കുട്ടൻ പറഞ്ഞു " കഞ്ഞി തട്ടി വീണപ കളഞ്ഞു പോയി വാവേ " ,   മൂക്കിലെ രക്തം കുഞ്ഞി കൈകൊണ്ട് ഒപ്പി വലിയ വാടിയ കണ്ണുകളോടെ വാവ ചോദിച്ചു, "വീണപ്പോ കുട്ടേട്ടന് വേറെ മുറിവ് വല്ലോം പറ്റിയോ."കലങ്ങിയ ചിരിയോടെ കുട്ടൻ, ഇല്ല വാവേ..

വൈകുന്നേരം വരെ വേദന സഹിച് ക്ലാസ്സില് ഇരുന്ന് കുട്ടൻ അന്തി മണി മുഴക്കം കേട്ട് ചിന്തയിൽ നിന്ന് ഉണർന്നു. ചാകോ മാഷിന്റെ കണക്ക്, കണക്ക് തന്ന..വേഗം വീട്ടിൽ എത്തീട്ടു വാവയ്ക്ക് അമ്മുമ്മേടെ പയർ വറുത്തത് കൊടുക്കണം...

"കുട്ടേട്ടാ, വേഗം പോവാ, നിക്ക് വിശക്കാണ് ", കുഞ്ഞികൈ ചേർത്ത പിടിച്ചു കുട്ടൻ വേഗം നടന്നു. "ഡാ പട്ടി കൃഷണാ" വിളി കേട്ട് കുട്ടികൃഷ്ണൻ ഞെട്ടിതിരിഞ്ഞ് നോക്കി, ദാസൻ വഴിയിൽ ഒറ്റയ്ക്ക് നിന്ന് എന്തോ ചവച്ചു തുപ്പുന്നു. പേടിയോടെ വീണ്ടും കുഞ്ഞി വാവനെ ചേർത്ത പിടിച്ചു അവൻ മുന്നോട്ട് നടന്നു. " ആരാ കുട്ടേട്ടാ അദ് "മറുപടി പറയാതെ വാവേ ഒന്നൂടെ മുറുക്കി കൈപിടിച്ചു വേഗം നടന്നു കുട്ടൻ.ദാസനെ സ്കൂളിൽ അല്ലാതെ വഴില് ആദ്യമായി കണ്ടതിന്റെ പേടി മനസ്സില് ഉണ്ടെങ്കിലും അമ്മ തന്റെ മുടി തടവി  പറഞ്ഞത് കുട്ടൻ ഓർത്തു "ഷ്ണ അയ്യെഹം ( അച്ഛൻ ) ഇല്ലത്തേന്റെ (ജീവിച്ചിരിപ്പില്ല ) നിയ്യ് വേണം  കുഞ്ഞി വാവനെ  നോക്കാനേ കൊണ്ട്"  പെട്ടെന്ന് ദാസൻ മുന്നിലേയ്ക്ക് വന്ന് കുട്ടൻ ഞെട്ടാൻ തുടങ്ങുന്നേനു മുന്നേ കവിളിൽ പടക്കം പൊട്ടണ മാതിരി ഒരടി.പിറകിലേക്ക് മറിഞ്ഞു റോഡ് വക്കിൽ കൂട്ടിയിട്ടിരുന്ന ചല്ലിക്ക് മേളിലൂടെ കുട്ടൻ മറിഞ്ഞു വീണു. വാവേ പിടിച്ചിരുന്ന കൈയും വിട്ട് പോയി.
"കുട്ടേട്ടാ " വാവ തൊണ്ട പൊട്ടി അലറി വിളിച്ചു. നെഞ്ചിൽ തറച്ച വിളി കേട്ട് കുട്ടൻ ചല്ലി തറച്ച മുറിവ് അറിയ പോലും ചെയ്യാതെ എഴുന്നേറ്റു. നോക്കിയപ്പോ കുഞ്ഞി വാവ നെറ്റി പൊട്ടി ചോര ഒളിച് നിക്കുന്നു. താഴെ വാവ വീണിടത്തു ഒരു വലിയ പാറ കഷ്ണം കിടപ്പുണ്ട്, aതിന്റെ തുമ്പിൽ ഒരു ചോര കീറിയ പാടും.. വാവ വേദന സഹിക്കാൻ വയ്യാണ്ട് നിർത്താതെ കരയുന്നു..പെട്ടന്ന്  നോക്കി നിക്കേ ദാസൻ കുഞ്ഞി വാവേടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ പിഞ്ച് മുഖത്തെ അടച്ചു പിടിക്കാൻ തുടങ്ങുന്നു.
കുട്ടി കൃഷ്ണന് തന്റെ ജീവൻ ഉപ്പൂറ്റിയിൽ നിന്ന് നെറുകയിൽ കൂടി പുറത്ത് പോകുന്നപോലെ തോന്നി, ജീവിതത്തിൽ ആരോടും ഇത്രയും പക ഇത് വരെ തോന്നിയിട്ടില്ല, അമ്മ പറഞ്ഞത് ഒരു മിന്നായം  പോലെ മനസ്സിൽ പ്രതിധ്വനിച്ചു, ' ഷ്ണ നിയ്യ് വേണം കുഞ്ഞി വാവേനെ പൊന്ന് പോലെ നോക്കാന് "..

ശങ്കരൻ വൈദ്യൻ ദാസന്റെ കൈ പിടിച്ചു നാഡി നോക്കി പറഞ്ഞു,  "കുട്ട്യേ ഇനി 4 മാസം വിശ്രമം വേണം." ദാസൻ പതുക്കെ കണ്ണ് തുറന്നു നോക്കി, കാലുകൾ രണ്ടും തുണിയിൽ കെട്ടി പൊക്കി വെച്ചിട്ടുണ്ട്, ഇടത് കൈ അനക്കാൻ പറ്റണില്ല, മുഖത്തിന് വല്ലാത്ത ഭാരം,അടിവയറ്റിലും. . പെട്ടന്ന് ദാസന്റെ മനസ്സിൽ കഴിഞ്ഞ കാര്യങ്ങൾ തെളിഞ്ഞു വന്നു, മുഖം വിളറി വെളുത്തു കൃഷ്ണമണികൾ വികസിച്ചു, ഇടത് കൈ തുടിച്ചു അവൻ ഓർത്തു.

വാവേടെ മുഖം പൊത്താൻ തുടങ്ങിയതും കുട്ടി കൃഷ്ണന് ചാട്ടുളി പോലെ പാഞ്ഞു വന്നു, ആദ്യ പ്രഹരം മുട്ട് മടക്കി നാഭിക്ക് താഴെ, ദാസൻ അറിയാതെ വാ തുറന്നു കണ്ണ് രണ്ടും തള്ളിപ്പോയി. മുട്ട് കുത്തി വീണു പോയ ദാസന്റെ മുകളിലേക്ക് കയറിയിരുന്നു കുട്ടൻ അവന്റെ ഇടത് കൈ പിറകിലേക്ക് തിരിച്ചു ടക്ക് എന്ന ശബ്ദത്തോട് കൂടി കൈ തിരിഞ്ഞ് ഒടിഞ്ഞു പോയി. ചാടി എഴുന്നേറ്റു കുട്ടൻ വഴിയിൽ കിടന്ന ഉരുളൻ തടി എടുത്ത് ദാസന്റെ ഇരു കാലുകള് കൈകൾ രണ്ടും കഴക്കുന്നത് വരെ അടിച്ചു കൂട്ടി.
ബോധംപോകുന്നതിനൊപ്പം ദാസൻ കണ്ടു, കുഞ്ഞി വാവയെയും തോളിൽ കയറ്റി വെച്ച് കൊണ്ട് കുട്ടികൃഷ്ണൻ നടന്നകലുന്നു.....

അടുത്ത വർഷം പുതിയ ക്ലാസ്സ്‌

ബാബു മാഷ് കുട്ടികളോട്,  "ആരാണ് ഏറ്റവും ശക്തൻ "?
കുഞ്ഞി വാവ ചിരിച്ചു കൊണ്ട്,  " അത് ന്റെ കുട്ടേട്ടൻ "


സ്നേഹിക്കുന്നവർ നോവിക്കപ്പെടുമ്പോൾ ഒരാൾ ഏറ്റവും ശക്തനായി മാറുന്നു, അവരെ സംരക്ഷിക്കാൻ.. 

1 comment:

  1. മനോഹരം. ഇത് മുൻപ് വായിച്ചത് ഇപ്പോഴും മനസ്സിലുണ്ട്. ഹൃദയ സ്പർശിയായി എഴുതിയിരിക്കുന്നു.

    ReplyDelete